Friday, January 24, 2014

നമ്മള്‍ പുതുവര്‍ഷത്തില്‍ എടുക്കുന്ന ചില നടക്കാത്ത തീരുമാനങ്ങള്‍..!!


ഓരോ പുതിയവർഷം പിറക്കുമ്പോഴും, നാം എടുക്കുന്ന കുറെ തീരുമാനങ്ങളുണ്ട്. അടുത്ത വർഷം ഞാൻ അങ്ങിനെയാവണം, അല്ലെങ്കിൽ ഇന്ന കാര്യങ്ങൾ ചെയ്യണം എന്നിങ്ങനെ. എല്ലാ വർഷവും ഡിസംബർ മാസം കൂട്ടുകാരുമായി വാശിയിൽ പന്തയം വെക്കുന്ന കുറെ നല്ല തീരുമാനങ്ങൾ. ദൃഢനിശ്ചയത്തോടുകൂടി നാമെടുക്കുന്ന പല തീരുമാനങ്ങളും പക്ഷെ പുതുവർഷം പിറന്നാൽ നമ്മൾ അറിയാതെ അല്ലെങ്കിൽ മനപ്പൂർവ്വം മറക്കാറാണ് പതിവ്. അത്തരത്തിൽ നാമെല്ലാവരും പുതുവർഷത്തിലെടുക്കുന്ന, നടക്കാത്ത ചില തീരുമാനങ്ങൾ ( ഒരു പക്ഷെ അതിനെ നടക്കാത്ത സ്വപ്നങ്ങൾ എന്നൊക്കെ വിളിക്കാം ) ഏതൊക്കെയാണെന്ന് നോക്കാം..
1.പോണ്ണത്തടി, അമിതഭാരം കുറയ്ക്കുക.
മലയാളി ഇപ്പോഴും ആലോചിക്കുന്ന ഒരു കാര്യമാണ് എങ്ങിനെ തടി കുറയ്ക്കാം എന്ന്. തടികുറക്കാൻ എന്തൊക്കെ വഴികളുണ്ടോ അതൊക്കെ പരീക്ഷിക്കാനും, അതിനെത്ര കാശ് ചിലവാക്കാനും മലയാളിക്ക് ഒരു മടിയുമില്ല എന്നതാണ് വാസ്തവം. അലോപ്പതി, ആയുർവേദം, യുനാനി, നാഡീചികിത്സ, സിദ്ധൌഷധം, ഹോമിയോപ്പതി, നാട്ടുവൈദ്യം തുടങ്ങി മന്ത്രവാദം, ജ്യോതിഷം വരെ പരീക്ഷിച്ച ആളുകളുണ്ട് നമുക്കിടയിൽ. എല്ലാ വർഷവും, വർഷാവസാനം ഒരു ശരാശരി തടിയുള്ളയാൾ സ്വയമേ എടുക്കുന്ന അടുത്തവർഷം തീർച്ചയായും പാലിക്കപ്പെടേണ്ട ആരോ ഉറച്ച തീരുമാനമാണ് ' അടുത്ത വർഷം ഞാൻ എന്റെ തടി പകുതി കുറയ്ക്കും' എന്നത്.
2. വായനാശീലം വർദ്ധിപ്പിക്കണം
കമ്പ്യൂട്ടറും ഇന്റർനെറ്റും സജീവമായ ഈ പുതിയ യുഗത്തിൽ സാങ്കേതികവിദ്യയുടെ അതിപ്രസരം മൂലം വായന എന്നത് മലയാളികളുടെ ഇടയിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു സ്വഭാവഗുണമാണ്. നാടോടുമ്പോൾ നടുവെയല്ലെങ്കിലും ഒരു വശത്തുകൂടിയെങ്കിലും ഓടണമെന്ന ത്വര മലയാളികൾക്ക് പൊതുവെകൂടുതലാണ്. അതിനാൽ തന്നെ ഈ ഹൈ സ്പീഡ് യുഗത്തിൽ, ഭക്ഷണം കഴിക്കാൻ പോലും സമയമില്ലാത്ത കാലത്ത്, കുത്തിയിരുന്ന് പുസ്തകം വായിക്കാൻ ആരെക്കൊണ്ടുപറ്റും എന്നായിരിക്കും നമ്മൾ ചിന്തിക്കുക. ഒരു പക്ഷെ ഈ ഡിജിറ്റൽ യുഗത്തിൽ ഒരുപക്ഷെ ഇ മാഗസിനുകളും പത്രങ്ങളും ഐ പാഡിലും, ടാബിലും വായിക്കുവാനായിരിക്കും യുവതലമുറക്ക് ഏറെ ഇഷ്ടം.
3.കുറെ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യണം
ഒരു ദിവസം 24 മണിക്കൂർ ഉള്ളത്, അൽപ്പം കൂട്ടിക്കിട്ടിയാൽ ആ സമയം ഓവർടൈം ചെയ്തു പത്ത് കാശുണ്ടാക്കാമെന്ന് ചിന്തിക്കുന്ന തലതിരിഞ്ഞ സിദ്ധാന്തത്തിന് അടിമകളാണ് നമ്മൾ മലയാളികൾ.ഒരിക്കലും ആരും സമയം കൂടുതലുണ്ട് ഒന്നും ചെയ്യാനില്ല എന്ന് പറയില്ല, പകരം ഒന്നിനും സമയം തികയുന്നില്ല എന്നെ പറയൂ. രാവിലെ മുതൽ വൈകുന്നേരം വരെ ഓഫീസിൽ ജോലിയുമായി മൽപ്പിടുത്തം. വൈകുന്നേരം ഓഫീസ് കഴിഞ്ഞാൽ വീട്ടിലെ ടെൻഷനുകൾ, കുടുംബം, കുട്ടികൾ, പ്രാരബ്ദ്ധങ്ങൾ എന്നിവയായി. ഒരു ഞായറാഴ്ചയുണ്ടെങ്കിൽ അന്ന് റസിഡൻസ് അസോസിയേഷൻ മീറ്റിംഗ്, അല്ലെങ്കിൽ കുടുംബ സംഗമം എന്നിങ്ങനെ എന്തെങ്കിലും വള്ളികൾ കാണും. പിന്നെവിടെ മനസമാധാനത്തോടെ ഒരു യാത്രപോവാൻ സമയം അല്ലെ..?
4.ഇന്റർനെറ്റിൽ സമയം കുറച്ച് ചിലവഴിക്കുക
പ്രിന്റിംഗ് മീഡിയകളുടെ ഉപയോഗം കുറഞ്ഞുവരികയും, എല്ലാം ഡിജിറ്റൽ മീഡിയകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ശരാശരി ഒരു 8 മണിക്കൂറെങ്കിലും ഒരു മലയാളി ഇന്റർനെറ്റിൽ ചിലവിടുന്നുണ്ട്. ഫേസ്ബുക്ക്, ഓർക്കൂട്ട്, ട്വിറ്റെർ എന്നിങ്ങനെയുള്ള സോഷ്യൽ നെറ്റ് വർക്കുകൾ, മലയാളിയുടെ വർക്കിലുടനീളം കിടന്നിഴയുമ്പോൾ മലയാളി ആറല്ല 24 മണിക്കൂറും ഓൺലൈനാണെന്ന് പറയുന്നതിൽ അതിശയമില്ല. ഇപ്പോൾ എല്ലാ മൊബൈലുകളിലും, ഇന്റർനെറ്റ് സൗകര്യമുള്ളതിനാൽ മലയാളി ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും, കിടക്കുമ്പോഴും, ഇരിക്കുമ്പോഴുമെല്ലാം നോട്ടിഫിക്കേഷൻ ടോൺ കേൾക്കാം. ഇങ്ങിനെയുള്ളപ്പോൾ എങ്ങിനെയാണ് ഇന്റർനെറ്റിൽ ചിലവിടുന്ന സമയം കുറക്കാൻ കഴിയുക..?
5. പണം മിച്ചം വെക്കണം.
മലയാളികളിൽ അധികംപേരും മിതവ്യയികളാണ്, എന്നിരുന്നാലും അധികം പണം മിച്ചം വെക്കുവാനും, ഭാവിയിലേക്കൊരു നീക്കിയിരുപ്പ്, ഒരു കരുതൽ നിക്ഷേപം ഉണ്ടാക്കാനും കഴിയുന്നില്ല എന്നതാണ് യഥാർത്ഥ വസ്തുത. ലൈഫ് ഇൻഷുറൻസുകളും, മ്യൂച്വൽ ഫണ്ടുകളും മലയാളിയുടെ ഭാവി ഭാസുരമാക്കാൻ ഓടിനടക്കുന്ന ഈ കാലഘട്ടത്തിൽ, എന്തുകൊണ്ട് മിച്ചം പിടുത്തവും, കരുതൽ നിക്ഷേപവും മലയാളിക്ക് അപ്രാപ്യമാവുന്നു എന്നത് ചിന്തിക്കേണ്ട വിഷയം തന്നെ.
എല്ലാവർക്കും ഒരു നല്ല പുതുവർഷം ആശംസിക്കുന്നു

1 comment:

  1. എത്ര മനോഹരമായ നടക്കാത്ത സ്വപനം അല്ലെ :)

    ReplyDelete